മുറിവ് തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിനെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: മുറിവ് തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിനെ സസ്പെൻഡ് ചെയ്തു. ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരമാണ് നേഴ്സ് ഫെവിക്വിക്ക് ഒട്ടിച്ച് വിട്ടത്. സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ഇവരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലുള്ള ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനുവരി 14നാണ് സംഭവം നടന്നത്.

കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരൻ ഗുരുകിഷൻ അന്നപ്പ ഹൊസമണിയെ മാതാപിതാക്കൾ ഹെൽത്ത് സെന്ററിൽ കൊണ്ടുവന്നത്. എന്നാൽ മുറിവിൽ തുന്നലിട്ടാൽ മുഖത്ത് മാറാത്ത പാടുണ്ടാവുമെന്ന് പറഞ്ഞ് നഴ്സ് ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചു. ആശങ്ക അറിയിച്ച മാതാപിതാക്കളോട് താൻ വ‍ർഷങ്ങളായി ഇത് ചെയ്യുന്നതാണെന്നും നഴ്സ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ ഇത് മൊബൈൽ ഫോണിൽ പകർത്തിയതാണ് നടപടിക്ക് വഴിവെച്ചത്. പിന്നീട് ഈ വീഡിയോ സഹിതം കുട്ടിയുടെ മാതാപിതാക്കൾ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.

വീഡിയോ തെളിവുകൾ ഉണ്ടായിരുന്നിട്ടും ജ്യോതിയെ സസ്‌പെൻഡ് ചെയ്യുന്നതിനുപകരം അധികാരികൾ മറ്റൊരു ആരോഗ്യ കേന്ദ്രമായാ ഗുത്തൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. ഇത് കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചു. കുട്ടിക്ക് പിന്നീട് ചികിത്സ ലഭ്യമാകുകയും ആരോഗ്യ നില തൃപ്തികരമായെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടിക്ക് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: