കാട്ടാക്കട :വീട്ടിൽ ഉറങ്ങികിടന്ന പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു ആസിഡ്
ഒഴിച്ചതെന്നാണ് സംശയം.
മാറനല്ലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ.
സുധീർഖാനാണ് പൊള്ളലേറ്റത്. സംഭവത്തിൽ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം
രംഗത്ത് വന്നു.
വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സുധീർഖാന് പൊള്ളലേറ്റത്. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം സജികുമാർ
വീട്ടിൽ വന്ന് പോയശേഷമാണ് പൊള്ളലേറ്റത്. ദേഹത്ത് ആസിഡ് ഒഴിച്ചതാണോ എന്ന്
സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. വീടിന് സമീപത്ത് നിന്ന് ആസിഡ് കുപ്പി കണ്ടെത്തിയിട്ടുണ്ട്.ഗുരുതരമായി പൊള്ളലേറ്റ സുധീർഖാനെ
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ
പൊലീസ് അന്വേഷണം തുടങ്ങി. സജികുമാറിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ഇതും ദുരൂഹത കൂട്ടുന്നു.
വെള്ളൂർക്കോണം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ മുൻ സെക്രട്ടറിയാണ് സജികുമാർ. സംഘത്തിന്റെ നിലവിലെ പ്രസിഡന്റ് സുധീർ ഖാനാണ്. ക്ഷീര സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് നേരത്തെ
പാർട്ടി ഇടപെട്ട് പരിഹരിച്ചിരുന്നു. സുധീർ ഖാൻ നിലവിൽ സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സിപിഐ കാട്ടാക്കട മണ്ഡലം കമ്മിറ്റിയംഗവുമാണ്.
