ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം:ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ താഹ ബീച്ച് ഭാഗത്ത് കോളിക്കനകത്ത് വീട്ടിൽ ബഷീർ (48) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് ഏറ്റുമാനൂർ സ്വദേശിയായ യുവാവിനോട്, ഓൺലൈൻ മാധ്യമം മുഖേന വീട്ടിലിരുന്ന് കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്ത്, പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇയാളിൽ നിന്നും പലതവണകളായി 17 ലക്ഷത്തി അൻപത്തിയെണ്ണായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. വിദേശകാർ കമ്പനിയായ RHINO CAR HIRE കമ്പനിയുടെ വ്യാജ ഓൺലൈൻ ലിങ്ക് നിർമ്മിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്. ഈ കമ്പനിയുടെ കാർ വിൽപ്പന നടത്തുമ്പോൾ കിട്ടുന്ന കമ്മീഷൻ ലഭിക്കണമെങ്കിൽ അതിന്റെ കമ്മീഷനായി കുറച്ചു പണം വേറൊരു അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പറഞ്ഞ് പലതവണകളായി ഏറ്റുമാനൂര്‍ സ്വദേശിയില്‍ പണം തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ, പണം ബഷീറിന്റെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ പി.ജെ, എ.എസ്.ഐ ബൈജു കെ.വി, സി.പി.ഓ റോയ് വർഗീസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു. മുഖ്യപ്രതിക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: