പട്ന: ബിഹാറിലെ അരാരിയ ജില്ലയിൽ ഒരു പിക്കപ്പ് വാൻ ഡ്രൈവറെ ഒരു വഴിയോര കച്ചവടക്കാരൻ തലയറുത്ത് കൊന്നു. തുടർന്ന് പ്രദേശവാസികൾ കച്ചവടക്കാരനെ തല്ലിക്കൊന്നു. സംഭവത്തിൽ വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ടതിനാൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വ്യാഴാഴ്ചയാണ് സംഭവം. മാർക്കറ്റിൽ വിൽപ്പന നടത്തുന്ന സ്ഥലവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ്
സംഘർഷത്തിലേക്ക് നയിച്ചത്.
നബി ഹുസൈൻ എന്ന അലി ഹുസൈൻ(42), രവി ചൗഹാൻ (30) എന്നിവരാണ് മരിച്ചത്. അരാരിയ മാർക്കറ്റിൽ കടലമാവ് വിൽപ്പനക്കാരനായ രവി ചൗഹാന്റെ മരവണ്ടിക്ക് സമീപം ഹുസൈൻ തന്റെ വാൻ പാർക്ക് ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. നിമിഷങ്ങൾക്കകം ചൗഹാൻ മൂർച്ചയുള്ള കത്തിയെടുത്ത് ഹുസൈനെ തുടരെതുടരെ വെട്ടുകയും പൊതുജനങ്ങളുടെ മുന്നിൽ വെച്ച് തലയറുത്ത് കൊല്ലുകയും ചെയ്തു.
വെട്ടിമാറ്റിയ തലയുമായി കുറച്ചു ദൂരം നടന്ന ചൗഹാൻ അത് വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ആദ്യം ഞെട്ടലോടെ നോക്കിനിന്ന് ജനം പിന്നീട് ചൗഹാനെ പിന്തുടർന്ന് കീഴടക്കി. പൊലീസ് എത്താൻ വൈകിയതോടെ ജനക്കൂട്ടം പ്രതിയെ മർദ്ദിച്ചു. പൊലീസെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൗഹാന്റെ ജീവൻ രക്ഷിക്കാനായില്ല

