കൊച്ചി: കലൂരിൽ പൊലീസുകാരന് നേരെ ആക്രമണം. നോർത്ത് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മധുവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കലൂർ മാർക്കറ്റിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലഹരി മാഫിയ സംഘങ്ങളെത്തുന്നുണ്ടെന്ന വിവരം സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചിരുന്നു.
ഇതിന്റെ പരിശോധനകൾ നടത്തുന്നതിനായാണ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മധു സ്ഥലത്തെത്തിയത്. രണ്ടംഗ സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ യുവാവ് കൈയ്യിൽ കരുതിയിരുന്ന ഇടിക്കട്ട ഉപയോഗിച്ച് എസ്ഐ മർദിക്കുകയായിരുന്നു. എസ്ഐയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ ആലപ്പുഴ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി സംഘവുമായി പ്രവർത്തിക്കുന്നവരാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
