ഫരീദാബാദ് : പശുക്കടത്താരോപിച്ച് 30 കിലോമീറ്റര്‍ ദൂരം കാറിനെ പിന്തുടര്‍ന്ന അക്രമികള്‍ വിദ്യാര്‍ഥിയെ വെടിവച്ചുകൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിയായ ആര്യന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോസംരക്ഷണ സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവര്‍. ആഗസ്ത് 23നാണ് ആര്യന്‍ മിശ്രയെ അക്രമിസംഘം കൊലപ്പെടുത്തിയത്.
കൂട്ടുകാരായ ഷാങ്കി, ഹര്‍ഷിത് എന്നിവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു സംഭവദിവസം ആര്യന്‍ മിശ്ര. പശുമോഷ്ടാക്കളെന്നു കരുതി അക്രമി സംഘം കാറില്‍ പോവുകയായിരുന്ന ആര്യന്‍ മിശ്രയെയും കൂട്ടുകാരെയും 30 കിലോമീറ്റര്‍ ദൂരം പിന്തുടരുകയും ഡല്‍ഹി-ആഗ്ര ഹൈവേയില്‍ ഗാധ്പുരിയില്‍ വച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു.
പശുക്കടത്തുകാര്‍ നിനൗള്‍ട്ട് ഡസ്റ്റര്‍, ടയോട്ട ഫോര്‍ച്യൂണര്‍ കാറുകളിലെത്തി പശുക്കളെ കൊണ്ടുപോവുന്നുവെന്ന വിവരം അക്രമിസംഘത്തിന് ലഭിക്കുകയും ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി സംഘത്തെ പിന്തുടരുകയുമായിരുന്നു ചെയ്തതെന്ന് പോലീസ് പറഞ്ഞു.
സന്ദേശം ലഭിച്ച ഗോരക്ഷാ സംഘം പട്ടേല്‍ ചൗക്കില്‍ വച്ച് ഡസ്റ്റര്‍ കാര്‍ കണ്ടു. വാഹനം നിര്‍ത്താന്‍ സംഘം ആവശ്യപ്പെട്ടെങ്കിലും വണ്ടി ഓടിച്ചിരുന്ന ഹര്‍ഷിത് വിസമ്മതിച്ചു. തങ്ങളെ കൊല്ലാന്‍ ഗുണ്ടകളെ അയച്ചതായിരിക്കുമെന്ന് തെറ്റിദ്ധരിച്ച വിദ്യാര്‍ഥികള്‍ കാര്‍ അതിവേഗം ഓടിച്ചുപോവുകയായിരുന്നു. ഇതിനിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയും ഇത് പിന്നിലിരുന്ന ആര്യന്റെ കഴുത്തില്‍ തുളച്ചുകയറുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥികളുടെ വാഹനം നിര്‍ത്തുകയും ആളുമാറിയെന്ന് തിരിച്ചറിഞ്ഞ് അക്രമി സംഘം തിരിച്ചുപോവുകയും ചെയ്തു. ആര്യനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

