യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബി തിരികെ കൊണ്ടുപോകാൻ ബ്രിട്ടണിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി. അമേരിക്കൻ വിമാന കമ്പനിയിലെ വിദഗ്ധരും നാവികസേന ഉദ്യോഗസ്ഥരും ഉൾപ്പെടെ 17 പേരാണ് സംഘത്തിലുള്ളത്. സാങ്കേതിക പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ സീ 17 ഗ്ലോബ്മാസ്റ്റർ എന്ന കൂറ്റൻ ചരക്ക് വിമാനത്തിൽ യുദ്ധവിമാനം കൊണ്ടുപോകാനാണ് നീക്കം.
യന്ത്ര തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി കുടുങ്ങിക്കിടക്കുകയാണ് ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനം എഫ്-35 ബി. ഇന്ധനം കുറഞ്ഞതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ ഹൈഡ്രോളിക് ഹൈഡ്രോളിക് സംവിധാനം തകരാറിലാവുകയായിരുന്നു. പിന്നാലെ വിമാനവാഹിനി കപ്പലിലെ ഒരു പൈലറ്റും രണ്ട് എൻജിനീയർമാരും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും യന്ത്ര തകരാർ പരിഹരിക്കാനായില്ല. തുടർന്നാണ് വിമാന കമ്പനിയിലെ വിദഗ്ധർ ഉൾപ്പെടെ 17 അംഗസംഘം വ്യോമസേനയുടെ എയർ ബസ് എ 400 എം അറ്റ്ലസ് വിമാനത്തിൽ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിയത്.
വ്യോമസേനയിലെ ഉദ്യോഗസ്ഥരും അമേരിക്കൻ വിമാന കമ്പനിയിലെ സാങ്കേതിക വിദഗ്ധരും അടങ്ങുന്നതാണ് പതിനേഴംഗ സംഘം. വിമാനം വൈകിട്ടോടെ ബ്രിട്ടനിലേക്ക് മടങ്ങുമെങ്കിലും വിദഗ്ധസംഘം പരിശോധനകൾക്കായി തിരുവനന്തപുരത്ത് തുടരും. ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിൽ വിമാനമെത്തിച്ച് തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഹാങ്ങറിൽ വിമാനമെത്തിച്ച് തകരാർ പരിഹരിക്കാനുള്ള ശ്രമത്തിനായി ഇന്ത്യൻ അധികൃതർ അനുമതി നൽകിക്കഴിഞ്ഞു. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തിൽ തുടരുമെന്നാണ് സൂചന.
സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള സി 17 ഗ്ലോബ്മാസ്റ്റർ എന്ന കൂറ്റൻ ചരക്ക് വിമാനത്തിൽ യുദ്ധവിമാനം കൊണ്ടുപോകാനാണ് നീക്കം. വിദഗ്ധ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇന്ത്യയും വിമാനത്താവള അധികൃതരും നൽകിവരുന്ന പിന്തുണയ്ക്കും സഹകരണത്തിനും ബ്രിട്ടൻ നന്ദി അറിയിച്ചു.
