ഇടുക്കി: വലിയതോവാളയിൽ പന്ത്രണ്ടു വയസ്സുകാരൻ കുഴഞ്ഞ് വീണു മരിച്ചു. വലിയതോവാള കല്ലടയിൽ വിനോദിന്റെ മകൻ റൂബൻ വിനോദ് (12) ആണ് മരിച്ചത്. വലിയതോവാള ക്രിസ്തുരാജ സ്കൂളിൽ പഠിക്കുന്ന റൂബൻ വയറു വേദനയെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സ്കൂളിൽ എത്തിയിരുന്നില്ല. ഇന്നലെ രാവിലെ ഇരട്ടയാറിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ മുത്തശ്ശി റൂബനെ വിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാപിതാക്കൾ വിദേശത്തായതിനാൽ മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പമായിരുന്നു താമസം.
