പറവൂർ: അമ്മവീട്ടില്‍ എത്തിയ രണ്ടരവയസുകാരി കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീണു മരിച്ചു. കൊങ്ങോർപ്പിള്ളി പാറത്തറ ജോഷിയുടേയും ജാസ്മിന്റേയും ഇളയമകള്‍ ജൂഹി എലിസബത്താണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വടക്കേക്കര ചെട്ടിക്കാടുള്ള അമ്മവീട്ടില്‍വച്ചായിരുന്നു അപകടം.
വീടിന്റെ മതിലിനോടു ചേർന്നുള്ള തോട്ടിലാണ് കുട്ടി വീണത്. അഞ്ചുവയസുള്ള സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. സഹോദരൻ വീടിനകത്തേക്ക് പോയ നേരത്താണ് കുട്ടി തോട്ടിലേക്ക് വീണത്. കുട്ടിയെ കാണാതെ അന്വേഷിച്ച അമ്മ ജാസ്മിനാണ് കുട്ടിയെ തോട്ടില്‍ വീണുകിടക്കുന്നതു ആദ്യം കണ്ടത്.
ഉടനെ തോട്ടിലിറങ്ങി കുട്ടിയെ എടുത്തു. അയല്‍വാസികളുടെ സഹായത്തോടെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛൻ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.
