ആറ്റിങ്ങൽ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ വാർഡ‍് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. ആറ്റിങ്ങലിലാണ് സംഭവം. മുദാക്കൽ പഞ്ചായത്ത് 19ാം വാർഡ് മെമ്പർ ഊരുപൊയ്ക ശബരി നിവാസിൽ ബിജു (53)വിന്റെ ദേഹത്താണ് കഞ്ഞിയൊഴിച്ചത്.
നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടിൽ സജി (46)യെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി.ജോയിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയതായിരുന്നു ബിജു. ഇതിനു പിന്നാലെ സജി, ബിജുവിനെ അസഭ്യം പറഞ്ഞു. മദ്യപിച്ച് ശല്യമുണ്ടാക്കരുതെന്ന് താക്കീത് ചെയ്ത് മടങ്ങുമ്പോള്‍ ബിജുവിന്റെ ദേഹത്തേയ്ക്ക് സജി കഞ്ഞിക്കലം വലിച്ചെറിയുകയായിരുന്നു.
സജിയും താനും തമ്മിൽ വ്യക്തിവൈരാഗ്യമില്ലെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ബിജു പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മറ്റ് വിവരങ്ങൾ സംബന്ധിച്ചു അന്വേഷണം തുടരുകയാണെന്നും പൊലീസും വ്യക്തമാക്കി.

