തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ. കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലാണ് എസ്എഫ്ഐ നേതാവായ ഫരിഷ്ത എൻഎസ് ചരിത്രം കുറിച്ചത്. എസ്എഫ്ഐയുടെ ശക്തികേന്ദ്രമായ യൂണിവേഴ്സിറ്റി കോളേജിൽ 158 വർഷത്തിനിടെ ആദ്യമായാണ് ഒരു പെൺകുട്ടി ചെയർപേഴ്‌സണാകുന്നത്. കെ എസ് യുവും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും എസ്എഫ്ഐ മികച്ച വിജയം നേടുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കേരള സർവ്വകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം അവകാശപ്പെട്ട് എസ്എഫ്ഐയും കെഎസ് യുവും രംഗത്തെത്തി. 77 ക്യാമ്പസ്സുകളിൽ 64 ഇടത്തും ജയിച്ചതായി എസ്എഫ്ഐ അറിയിച്ചു. അതേസമയം, മാർ ഇവാനിയോസ് കോളേജ് കെഎസ്‍യു നിലനിർത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളേജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ കോളേജ് 13 വർഷങ്ങൾക്കു ശേഷവും കെഎസ്‍യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളേജിൽ ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്‍യു വിജയിച്ചു. 30 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്‍യു വിജയിക്കുന്നത്. 13 വർഷങ്ങൾക്ക് ശേഷം പുനലൂർ എസ് എൻ കോളേജ് യൂണിയൻ എഐഎസ് എഫ് നേടി. മുഴുവൻ സീറ്റിലും എഐഎസ്എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.പുനലൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ലാത്തി വീശി. കൊട്ടരക്കര ഐഎച്ച്ആർഡി കോളേജിലും എഐഎസ്എഫ് യൂണിയൻ നേടി
തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ചില കോളേജുകളിൽ സംഘർഷമുണ്ടായി. പാങ്ങോട് മന്നാനിയ കോളേജിൽ വിജയിച്ച കെഎസ്‍യു പ്രവർത്തകർ വിജയാഹ്ലാദം നടത്തുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയത്. ഒരു പൊലീസുകാരൻ ഉൾപ്പെടെ പരിക്കേറ്റു.

