കാസർകോട്: ബേക്കൽ കോട്ട കാണാനെത്തിയ യുവാവിനെയും പെൺസുഹൃത്തിനെയും ആക്രമിച്ച് സ്വർണാഭരണവും പണവും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പള്ളിക്കര സ്വദേശി 25 വയസുകാരൻ അബ്ദുൽ വാഹിദ്, ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി 26 വയസുകാരൻ അഹമ്മദ് കബീർ, മൊവ്വല‍് കോളനിയിലെ 26 വയസുകാരൻ ശ്രീജിത്ത് എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കാറഡുക്ക സ്വദേശിയായ യുവാവിനെയും പെൺസുഹൃത്തിനെയുമാണ് സംഘം ആക്രമിക്കുകയും ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തത്
ബേക്കൽ കോട്ട കാണാൻ കാറിലെത്തിയ യുവാവിനും പെൺസുഹൃത്തിനും നേരെ പാർക്കിംഗ് സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ നാലംഗ സംഘം യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി. പിന്നാലെ കാറിൽ നിന്ന് വലിച്ചിറക്കി യുവാവിൻറെ കൈയിലെ സ്വർണ്ണ ബ്രേസ്‍ലറ്റ് ഊരി വാങ്ങി. യുവതിയുടെ ബാഗിലുണ്ടായിരുന്ന 5000 രൂപയും കവർന്നു.
സംഘത്തിലെ ഒരാളുടെ ബൈക്ക് നമ്പർ കവർച്ചക്കിരയായ യുവാവ്, പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ബേക്കൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. ഇതേ സംഘം നേരത്തേയും ബേക്കൽ കോട്ട കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പിടിച്ചുപറി നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആരും പരാതി നൽകാന‍് തയ്യാറാകാത്തതിനാൽ കേസെടുത്തിരുന്നില്ല.
അക്രമിസംഘത്തിലുണ്ടായിരുന്ന സാദിഖ് എന്നയാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ബേക്കൽ കോട്ടയിൽ എത്തിച്ച് തെളിവെടുത്തു

