ഇടുക്കി: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ യുവാവ് കൊക്കയിലേക്ക് വീണ് അപകടം. ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് കൊക്കയിലേക്ക് വീണത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായി.
സുഹൃത്തുക്കൾക്കൊപ്പം ഇന്ന് പുലർച്ചെയാണ് സാംസൺ കോട്ടപ്പാറ വ്യൂ പോയിന്റിലെത്തിയത്. കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ അബദ്ധത്തിൽ കൽ വഴുതി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. എഴുപത് അടി താഴ്ചയിലേക്കാണ് സാംസൺ വീണത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെത്തുടർന്നാണ് തൊടുപുഴ ഫയർഫോഴ്‌സ് സംഭസ്ഥലത്തെത്തിയത്. പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
