പാലക്കാട്: തേങ്ങ ചിരവുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശി രജിത (40) ആണ് മരിച്ചത്.
യുവതിയും ഭർത്താവ് വിജയരാഘവനും ചേർന്ന് നടത്തുന്ന ഒറ്റപ്പാലം മീറ്റ്നയിലെ ഹോട്ടലിൽ വെച്ചാണ് സംഭവം. ഭക്ഷണത്തിനായി തേങ്ങ ചിരകുമ്പോൾ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി കഴുത്തിൽ മുറുകുകയായിരുന്നു. ഈ സമയം ഭർത്താവ് വിജയരാഘവൻ പുറത്ത് പാത്രം കഴുകുകയായിരുന്നു. അകത്തുചെന്ന് നോക്കിയപ്പോഴാണ് ഷാൾ കഴുത്തിൽ മുറുകിയ നിലയിൽ ഭാര്യയെ കണ്ടത്. തുടർന്ന്, അടുത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: അഞ്ജു, മഞ്ജു.

