തൃശൂർ: സ്കൂൾ മാനേജരുടെ വീടിന് മുന്നിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി. അധ്യാപക നിയമനം നൽകാമെന്ന വാഗ്ദാനത്തിൽ 27 ലക്ഷം രൂപ വാങ്ങി മാനേജർ വഞ്ചിച്ചു എന്നാരോപിച്ചാണ് യുവതി വലപ്പാട് കോതകുളം സ്വദേശി പ്രവീണിന്റെ വീടിന് മുന്നിലെത്തി വിഷം കഴിച്ചത്. കൂരിക്കുഴി എ.എം.യു.പി. സ്‌കൂൾ മാനേജരായിരുന്നു പ്രവീൺ. എറണാകുളം വൈറ്റില സ്വദേശിനിയാണ് പ്രവീണിന്റെ വീടിന് മുന്നിലെത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
കയ്പമംഗലത്ത് സ്‌കൂൾ മാനേജരായ പ്രവീൺ, വാഴൂർ നിയമന തട്ടിപ്പിന് നേരത്തെ അറസ്റ്റിലായിരുന്നു. 2012 മുതൽ പ്രവീൺ പലരിൽ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഇതേ സ്‌കൂളിലെ അധ്യാപകരായ ഏഴുപേർ നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. 25 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപ വരെ അധ്യാപകരിൽനിന്നും വാങ്ങിയതായി പരാതിയിൽ പറയുന്നു.
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് നിയമനം നൽകുകയോ നിയമനം നടത്തിയവർക്ക് ശമ്പളം നൽകുകയോ ചെയ്തില്ല. ഇത് രണ്ടും ലഭിക്കാതെ വന്നതോടെ അധ്യാപകർ പൊലീസിൽ പരാതി നൽകി.
സ്കൂൾ മാനേജരുടെ വീടിന് മുന്നിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി ; അധ്യാപക നിയമനം നൽകാമെന്ന വാഗ്ദാനത്തിൽ 27 ലക്ഷം രൂപ വാങ്ങി മാനേജർ വഞ്ചിച്ചു എന്നാരോപണം
