ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂർ സ്വദേശിനിയായ മനീഷ(25)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്ലംബിങ് ജോലികൾക്കായി സ്ഥാപിച്ച ആൾത്തുളയുടെ മൂടി തകർന്ന് മനീഷയും സുഹൃത്തായ സ്വാതിയും താഴേക്ക് പതിക്കുകയായിരുന്നു.


ചാത്തന്നൂർ തിരുമുക്ക് എം.ഇ.എസ്. എൻജിനിയറിങ് ലേഡീസ് ഹോസ്റ്റലിലായിരുന്നു ചൊവ്വാഴ്ച രാത്രി 7.15-ന് അപകടമുണ്ടായത്. ഇരുവരും മൂന്നാംനിലയിൽ ആൾത്തുളയുടെ മുകളിലെ മൂടിയിൽ ഇരിക്കുകയായിരുന്നു. മേൽമൂടി തകർന്ന് മനീഷ ഇടുങ്ങിയ ആൾത്തുളയ്ക്ക് ഉള്ളിലേക്കും സ്വാതി തെറിച്ച് മൂന്നാംനിലയുടെ താഴെ പുറത്തേക്കും വീണു. ഗുരുതര പരിക്കേറ്റ സ്വാതി ഇഴഞ്ഞ് ഹോസ്റ്റലിന്റെ മുൻവശത്തെ കാർപോർച്ചിലെത്തി. ഇത് ഹോസ്റ്റൽ വാർഡനും മറ്റുള്ളവരും കണ്ടു. ഉടൻതന്നെ ചാത്തന്നൂർ പോലീസിലും പരവൂർ അഗ്നിരക്ഷാസേനയിലും അറിയിച്ചു.

ആൾത്തുളയിലേക്ക് വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോൺക്രീറ്റ് പാളി പതിച്ചിരുന്നു. മനീഷയെ പുറത്തെടുത്ത ഉടൻതന്നെ ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര പരിക്കേറ്റ മനീഷ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. മനീഷയും സുഹൃത്ത് സ്വാതിയും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കാരാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: