കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. 46 പേർക്ക് പരിക്കേറ്റു.
ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയാണ് വലിയ അപകടത്തിൽ കലാശിച്ചത്. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. ഇതിനിടെ മഴ പെയ്തു. ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ പെട്ടെന്ന് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതോടെ തിരക്ക് അനിയന്ത്രിതമായി. നിരവധി വിദ്യാർഥികൾ ശ്വാസം കിട്ടാതെ കുഴഞ്ഞു വീണു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
