Headlines

കോഴിക്കോട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ശിക്ഷയും

കോഴിക്കോട്: കോഴിക്കോട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വെള്ളൂര്‍ രൂപേഷിനെയാണ് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിനും പിഴയൊടുക്കാനുമാണ് വിധിച്ചത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍ ആര്‍ കൃഷ്ണകുമാറിന്റേതാണ് വിധി. 2021 ഓഗസ്റ്റ് 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യക്കച്ചവടം തടഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു കൊലപാതകം.


കരിക്കാംകുളം കാഞ്ഞിരമുക്കിലെ രാജീവാണ് കൊല്ലപ്പെട്ടത്. കാരപ്പറമ്പ് സ്വദേശിയായ സാഹിര്‍ അലി എന്നയാളുടെ മത്സ്യക്കച്ചവടം രൂപേഷ് തടഞ്ഞിരുന്നു. ഈ സമയത്ത് രാജീവന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും രൂപേഷിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രൂപേഷ് രാജീവനെ കുത്തിവീഴ്ത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച സാഹിര്‍ അലിക്കും കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

രാജീവന്റെ ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിന് 1 ലക്ഷം രൂപയും സാഹിര്‍ അലിക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ 43 സാക്ഷികളെയാണ് വിസ്തരിച്ചത്. 47 രേഖകളും 10 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ചേവായൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന ചന്ദ്രമോഹനാണ് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഷംസുദ്ദീന്‍, അഡ്വ. രശ്മി റാം എന്നിവര്‍ ഹാജരായി.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് വെറും ആറ് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പുതുപ്പാടി സ്വദേശി ബാബു(47)വിനെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ഇയാളെ 20 വര്‍ഷത്തെ കഠിന തടവിന് വിധിച്ചിരിക്കുന്നത്.

2024ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ വീട്ടില്‍ ടിവി കാണാനെത്തിയ പെണ്‍കുട്ടിയെ ബാബു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ എത്തിയ പെണ്‍കുട്ടി വിവരം അച്ഛനോട് പറയുകയും പിന്നീട് പോലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കുകയും ചെയ്തു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: