കൊച്ചി∙ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസൻ. 1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് അനുഭവിക്കാൻ കഴിഞ്ഞത്. വടക്കുനോക്കിയന്ത്രം,ചിന്താവിഷ്ടയായ ശ്യാമള എന്നിവ സംവിധാനം ചെയ്തു ജനപ്രീതി നേടിയ സിനിമകളാണ്. വിമലയാണ് ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ


