Headlines

നടൻ രാജേഷ് അന്തരിച്ചു



ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടൻ രജനികാന്ത് ഉൾപ്പെടെ സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 150 ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.



1974 ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979 ൽ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി. കെ ബാലചന്ദർ സംവിധാനം ചെയ്ത അച്ചമില്ലൈ അച്ചമില്ലൈ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. ഈ ചിത്രത്തിനുശേഷം കാരക്ടർ റോളുകൾ ചെയ്യുന്നതിൽ രാജേഷ് കൂടുതൽ ശ്രദ്ധിച്ചു.

സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ, യാതും ഊരേ യാവരും കേളിർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. മലയാളത്തിൽ അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യു എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇൺടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങൾ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: