നടൻ സുദേവ് നായരും മോഡൽ അമർദീപ് കൗറും വിവാഹിതരായി. ഇന്നലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ദീർഘനാളത്തെ
പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുദേവ്.
മുംബൈ ആസ്ഥാനമായുള്ള നടിയും ഫാഷൻ മോഡലുമാണ് അമർദീപ് കൗർ സിയാൻ. ഗുജറാത്തിൽ ഒരു പഞ്ചാബി സിക്ക് കുടുംബത്തിലാണ് അമർദീപ് കൗർ ജനിച്ചത്. 2017ൽ മിസ് ഇന്ത്യ ഗുജറാത്തായി തിരഞ്ഞെടുക്കപ്പെട്ടു. മോഡൽ കൂടിയായ അമർദീപ് ലാക്മേ ഫാഷൻ വീക്ക് ഷോ ഉൾപ്പെടെ നിരവധി ഫാഷൻ ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
മലയാളി ആണെങ്കിലും മുംബൈയിലായിരുന്നു സുദേവ് നായർ ജനിച്ചു വളർന്നത്. പാർക്കറിൽ പരിശീലനം നേടിയ സുദേവ് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്രേക്ക് ഡാൻസ്, ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ആള് കൂടിയാണ് താരം.
മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സുദേവ് നായർ മൈ ലൈഫ് പാർട്‌ണർ, അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്



