നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ് വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നേരത്തെ വിവാഹമോചിതയായ അർച്ചനയുടെ രണ്ടാം വിവാഹമാണിത്. അർച്ചന കവി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി രണ്ടാം വിവാഹത്തിന്റെ സൂചനയാണെന്ന തരത്തിൽ നെറ്റിസൺസിനിടയിൽ ചർച്ചയായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്ത എത്തിയിരിക്കുന്നത്.
താൻ ഒരു പങ്കാളിയെ കണ്ടെത്തിയെന്ന സൂചനയാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നത്. ‘ഈ ഏറ്റവും മോശം തലമുറയിൽ ശരിയായ മനുഷ്യനെയാണ് ഞാൻ തിരഞ്ഞെടുത്തതെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും’ എന്നാണ് അർച്ചന ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചത്. ഇതോടൊപ്പം എല്ലാവർക്കും ഇങ്ങനെ ഒരാളെ ലഭിക്കാൻ ഞാൻ ആശംസിക്കുന്നുവെന്നും നടി കുറിച്ചു. ഇതോടെയാണ് താരം വിവാഹം കഴിക്കാൻ പോകുകയാണെന്ന ചർച്ചകൾ ആരാധകർക്കിടയിൽ നടന്നത്.
2009ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടി അർച്ചന കവി സിനിമയിൽ എത്തിയത്. ‘അനുരാഗവിലോചനനായി’ എന്ന ഒരൊറ്റ ഗാനരംഗത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ താരം ഇടംനേടി. പിന്നീട് നിരവധി സിനിമകളിൽ അർച്ചന അഭിനയിച്ചെങ്കിലും കഴിഞ്ഞ കുറേ നാളുകളായി അഭിനയ രംഗത്ത് നിന്ന് താരം വിട്ടുനിൽക്കുകയായിരുന്നു. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. ഈ പത്തുവർഷത്തിനിടെ വിവാഹവും വിവാഹ മോചനവും ഡിപ്രഷനും ഉൾപ്പെടെയുള്ള നിരവധി ഘട്ടങ്ങളിലൂടെ താൻ കടന്നുപോയെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

