ചെന്നൈ: നടി രഞ്ജന നാച്ചിയാർ ബി.ജെ.പി വിട്ടു. ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് താരം ബിജെപിയിൽ നിന്നും രാജിവെച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി. കലാ-സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജന നാച്ചിയാർ ആരോപിക്കുന്നത്. ഹിന്ദിയോട് എതിർപ്പില്ലെന്നും എന്നാൽ, അധികാരം ദുരുപയോഗം ചെയ്ത് ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
തമിഴ്‌നാടിന് അവകാശപ്പെട്ട ഫണ്ട് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും രഞ്ജന പറഞ്ഞു. കേന്ദ്ര സർക്കാർ തമിഴ്നാടിനെ അവഗണിക്കുകയാണെന്നും അവർ ആരോപിച്ചു. ഭാഷ നയത്തിലെ ബിജെപി സമീപനത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ചാണ് താരം പാർട്ടി വിട്ടത്. ദ്രാവിഡരെ ശത്രുക്കളായി കാണുന്നത് തമിഴ് സ്ത്രീ എന്ന നിലയിൽ അംഗീകരിക്കാനാകില്ലെന്നും താരം കൂട്ടിച്ചേർത്തു.
തമിഴ് സംവിധായകൻ ബാലയുടെ സഹോദരന്റെ മകളാണ് രഞ്ജന നാച്ചിയാർ. 8 വർഷമായി ബിജെപി അംഗമായിരുന്നു രഞ്ജന. ബി.ജെ.പി. കലാ-സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്നു. ടി.വി. സീരിയലുകളിലൂടെ അഭിനയരംഗത്ത് എത്തിയ രഞ്ജന തമിഴ്‌സിനിമകളിൽ സ്വഭാവവേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നരവർഷം മുൻപ് ചെന്നൈയിൽ ബസിന്റെ ചവിട്ടുപടിയിൽനിന്ന് യാത്ര ചെയ്ത വിദ്യാർഥികളെ രഞ്ജന അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത് വിവാദമായിരുന്നു. ഈ സംഭവത്തിൽ നടിയെ അറസ്റ്റ് ചെയ്തിരുന്നു.
ഭാഷ അടിച്ചേൽപ്പിക്കൽത്തന്നെയാണ് ഇപ്പോൾ പാർട്ടി വിടുന്നതിനുള്ള പ്രധാന കാരണമെന്നും അതേസമയം, പാർട്ടിയുമായി മറ്റ് പലകാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്ടെന്നും രഞ്ജന പറഞ്ഞു. വേറെ പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയപ്രവർത്തനം തുടരും. പാർട്ടി ഏതാണെന്ന് അധികം വൈകാതെ വെളിപ്പെടുത്തുമെന്നും അറിയിച്ചു.
രഞ്ജന നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേരുമെന്ന് സൂചനയുണ്ട്. ബുധനാഴ്ച നടത്തുന്ന ടി.വി.കെ. വാർഷികാഘോഷത്തിൽ അംഗത്വം സ്വീകരിക്കാൻ സാധ്യതയുണ്ട്. രണ്ട് വർഷത്തിനിടെ തമിഴ്നാട്ടിൽ ബി.ജെ.പി.യിൽനിന്ന് രാജിവെക്കുന്ന മൂന്നാം നടിയാണ് രഞ്ജന. ഗായത്രി രഘുറാം, ഗൗതമി എന്നിവരാണ് ഇതിനുമുൻപ് പാർട്ടി വിട്ടത്. ഇരുവരും പിന്നീട് അണ്ണാ ഡി.എം.കെ.യിൽ ചേർന്നു.
അതേസമയം, തമിഴ്നാട്ടിൽ ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രതിഷേധം തുടരുകയാണ്. തെങ്കാശി കടയനല്ലൂർ റെയിൽവേ സ്റ്റേഷൻ ബോർഡുകളിലെ ഹിന്ദി പേരുകളിൽ ഡിഎംകെ പ്രവർത്തകർ കറുത്ത ചായം പൂശി. ചെന്നൈയിലെ തപാൽ ഓഫിസുകളുടെ ബോർഡുകളിലെ ഹിന്ദിയും മായ്ച്ചു.
