കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു. 54 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു മരണം. ഏറെനാളായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു.
പഥേര്‍ പാഞ്ചാലിയില്‍ ദുര്‍ഗ എന്ന കഥാപാത്രത്തെയാണ് ഉമ അവതരിപ്പിച്ചത്. 14 വയസിൽ പാഥേര്‍ പഞ്ചാലിയിലൂടെയാണ് ഉമ സിനിമയിലേക്ക് ചുവടുവെക്കുന്നത്. സ്‌കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഉമ സത്യജിത് റേയുടെ കണ്ണില്‍ പതിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് വിവരങ്ങളെടുത്ത് വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു.
സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉമ അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. അതിനുശേഷം മറ്റൊരു ചിത്രത്തിലും അവര്‍ അഭിനയിച്ചിട്ടില്ല. ഒരു സഹോദരന്റേയും സഹോദരിയുടേയും ജീവിതം പറഞ്ഞ ചിത്രമാണ് പഥേര്‍ പാഞ്ചാലി. ഇന്നും സിനിമാപ്രേമികളുടെ ചര്‍ച്ചകളില്‍ ഈ സിനിമയും ദുര്‍ഗ എന്ന കഥാപാത്രവും സജീവമാണ്. അധ്യാപികയായി ജോലി നോക്കുകയായിരുന്നു ഉമാ ദാസ്ഗുപ്ത.
