ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നടിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വിൻസിയെത്തിയത്.
ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻസി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലാണ് തന്റെ ദുരനുഭവം വിന്‍സി തുറന്നുപറഞ്ഞത്.
“കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലഹരി വിരുദ്ധ ക്യാംപെയിന്‍ മുന്‍നിര്‍ത്തിക്കൊണ്ട് നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാന്‍ ഇനി സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ അവയ്‌ക്കെല്ലാം വന്ന കമന്റുകള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാൻ ആ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകള്‍ വ്യക്തമാക്കണമെന്നുമുള്ള തോന്നലില്‍ മേലാണ് ഈ വിഡിയോ ചെയ്യുന്നത്.
ലഹരി ഉപയോഗിക്കുന്നവര്‍ വ്യക്തി ജീവിതത്തില്‍ എന്തും ചെയ്‌തോട്ടെ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്പോഴാണ് എല്ലാത്തിന്റെയും പ്രശ്‌നം. അങ്ങനെയുള്ളവര്‍ക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്‌സുകളില്‍ കാണാനായത്. അവരെ പോലുള്ളവര്‍ക്ക് സിനിമകളുണ്ട്. അവരെ വച്ച് സിനിമകള്‍ ചെയ്യാന്‍ ആള്‍ക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവര്‍ക്ക് വിനോദമാണ്. എന്റെ ജീവിതത്തില്‍ ആല്‍ക്കഹോള്‍, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്.
പലതരം കാഴ്ചപ്പാടാണ് ആളുകള്‍ക്കുള്ളതെന്ന് കമന്റുകള്‍ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാല്‍ ആളുകള്‍ക്ക് പല കഥകള്‍ ഉണ്ടാക്കേണ്ടതില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരത്തില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാള്‍ ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍ പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ എന്നോടും സഹപ്രവര്‍ത്തകയോടും പെരുമാറി. മോശമെന്ന് പറയുമ്പോള്‍, എന്റെ ഡ്രസില്‍ ഒരു പ്രശ്‌നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍, ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടെയും മുന്നില്‍ വച്ച് പറയുന്ന രീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടു പോകുന്നത് ബുദ്ധിമുട്ടായിരുന്നു
