ദുബായ്: 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം. 25 വര്‍ഷം മുന്‍പത്തെ ഫൈനല്‍ തോല്‍വിക്ക് ന്യൂസിലന്‍ഡിനോടു മധുര പ്രതികാരം തീര്‍ത്ത് കിരീടം നേടാനും ഇന്ത്യക്കായി. ഫൈനലില്‍ 4 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരുവേള ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും കെഎല്‍ രാഹുലിന്റെ കാമിയോ ഇന്നിങ്‌സ് സെമിയിലെന്ന പോലെ ഫൈനലിലും നിര്‍ണായകമായി.
ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് കണ്ടെത്തിയാണ് വിജയവും കിരീടവും സ്വന്തമാക്കിയത്.കെഎല്‍ രാഹുല്‍ ഓരോ സിക്‌സും ഫോറും സഹിതം 33 പന്തില്‍ 34 റണ്‍സുമായും രവീന്ദ്ര ജഡേജ 9 റണ്‍സുമായും പുറത്താകാതെ നിന്നു. ജഡേജ ഫോറടിച്ചാണ് വിജയമുറപ്പിച്ചത്. ഒപ്പം കിരീട നേട്ടവും.
ഇന്ത്യയുടെ മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടമാണിത്. നേരത്തെ 2002ല്‍ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത ചാംപ്യന്‍മാരായ ഇന്ത്യ 2013ലാണ് രണ്ടാം കിരീടം നേടിയത്.
വിജയ ലക്ഷ്യത്തിലേക്ക് അതിവേഗമാണ് ഇന്ത്യ തുടങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂറ്റനടികളുമായി കളം വാണതോടെ ഇന്ത്യ അതിവേഗം കുതിച്ചു. ഓപ്പണിങില്‍ രോഹിതും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു 105 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.
രോഹിത് ശര്‍മ 83 പന്തുകള്‍ നേരിട്ട് 76 റണ്‍സെടുത്ത് അര്‍ധ സെഞ്ച്വറി കുറിച്ചു. 7 ഫോറും 3 സിക്‌സും സഹിതമായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. ശുഭ്മാന്‍ ഗില്‍ 31 റണ്‍സും സ്വന്തമാക്കി.എന്നാല്‍ സെമിയില്‍ പൊരുതി നിന്ന കോഹ്‌ലിക്ക് ഫൈനലില്‍ തിളങ്ങാനായില്ല. താരം 2 പന്തില്‍ 1 റണ്‍സുമായി മടങ്ങി.
പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ 62 പന്തില്‍ 2 വീതം സിക്‌സും ഫോറും തൂക്കി 48 റണ്‍സെടുത്തു തിളങ്ങി. അക്ഷര്‍ പട്ടേലും പൊരുതി. താരം ഓരോ സിക്‌സും ഫോറും സഹിതം 29 റണ്‍സെടുത്തു.ഹര്‍ദിക് പാണ്ഡ്യ വിജയത്തോടടുപ്പിച്ച ശേഷമാണ് മടങ്ങിയത്. താരം 18 റണ്‍സെടുത്തു. ഓരോ സിക്‌സും ഫോറും തൂക്കി.
മിച്ചല്‍ ബ്രെയ്‌സ്‌വെല്ലിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് കിവി സ്‌കോര്‍ 250 കടത്തിയത്. താരം 40 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സുമായി പുറത്താകാതെ നിന്നു.കടുത്ത പ്രതിരോധം തീര്‍ത്ത് ബാറ്റ് വീശിയ ഡാരില്‍ മിച്ചലാണ് പൊരുതിയ മറ്റൊരു കിവി ബാറ്റര്‍ താരവും അര്‍ധ സെഞ്ച്വറി കണ്ടെത്തി. 101 പന്തുകള്‍ നേരിട്ട് ഡാരില്‍ മിച്ചല്‍ 63 റണ്‍സെടുത്താണ് മടങ്ങിയത്. താരം 3 ഫോറുകള്‍ മാത്രമാണ് അടിച്ചത്. മുഹമ്മദ് ഷമിയാണ് മിച്ചലിനെ മടക്കിയത്.
മിന്നും തുടക്കമിട്ട ന്യൂസിലന്‍ഡിനെ ഇന്ത്യ സ്പിന്നില്‍ കരുക്കി. അതിവേഗം തുടങ്ങിയ കിവികളുടെ ചിറകു തളര്‍ത്തി സ്പിന്നര്‍മാര്‍ അരങ്ങ് വാണതോടെ കളി ഇന്ത്യന്‍ വരുതിയില്‍ നിന്നു. ന്യൂസിലന്‍ഡിനു നഷ്ടമായ 7ല്‍ 5 വിക്കറ്റുകളും സ്പിന്നര്‍മാര്‍ പോക്കറ്റിലാക്കി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമിക്കാണ് മറ്റൊരു വിക്കറ്റ്. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ റണ്ണൗട്ടായും മടങ്ങി.
ടോസ് നേടി ബാറ്റിങെടുത്ത കിവികള്‍ മിന്നും തുടക്കമാണിട്ടത്. ഓപ്പണര്‍മാര്‍ നിലയുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നിര്‍ണായക വിക്കറ്റ് നേട്ടം. തൊട്ടുപിന്നാലെ പന്തെടുത്ത കുല്‍ദീപിന്റെ അടുത്ത ഞെട്ടിക്കല്‍. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്ല്യംസനേയും പുറത്താക്കി കുല്‍ദീപ് കിവികളെ വീണ്ടും ഞെട്ടിച്ചു.രചിന്‍ രവീന്ദ്രയും വില്‍ യങും ചേര്‍ന്ന ഓപ്പണിങ് 7.5 ഓവറില്‍ 57 റണ്‍സടിച്ചു നില്‍ക്കെയാണ് വരുണ്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. വില്‍ യങിനെ താരം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. യങ് 15 റണ്‍സില്‍ പുറത്തായി.
