ഇംഫാൽ : മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ ലംസാങ്ങിലുള്ള സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ക്യാമ്പിൽ വെടിവെപ്പ്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കായിരുന്നു സംഭവം. രണ്ട് സഹപ്രവർത്തകരെ കൊലപ്പെടുത്തിയ ശേഷം ജവാൻ തന്റെ സർവീസ് തോക്ക് ഉപയോഗിച്ച് സ്വയം ജീവനൊടുക്കി. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമായ തർക്കങ്ങളാണ് ആക്രമണത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഹവിൽദാർ സഞ്ജയ്കുമാറാണ് സർവീസ് റിവോൾവർ ഉപയോഗിച്ച് സബ് ഇൻസ്‌പെക്ടർക്കും കോൺസ്റ്റബളിനും നേരെ വെടിവെച്ചത്. ഇരുവരും ഉടൻ തന്നെ മരിച്ചു. പിന്നാലെ സഞ്ജയ്കുമാർ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. എഫ്-120 സിഒവൈ സിആർപിഎഫിലെ ഉദ്യോഗസ്ഥരാണ് ഇവർ. പോലീസും സിആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വെടിവെപ്പിനുണ്ടായ കാരണം ഇപ്പോഴും അവ്യക്തമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന സിആർപിഎഫ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
