കൊച്ചി: കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രംഗത്ത്. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടിയാണ് നടന്നതെന്നായിരുന്നു അജയ് തറയിൽ വിമർശിച്ചത്. മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണെന്നും അദ്ദേഹം വിമർശിച്ചു. ഏകപക്ഷീയമായ പെരുമാറ്റമാണ് ഡിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും. കോർ കമ്മിറ്റി ചേരാതെയാണ് മേയറെയും ഡെപ്യൂട്ടി മേയറേയും തെരഞ്ഞെടുത്തതെന്നും അജയ് തറയില്‍ വിമർശിച്ചു. ഗ്രൂപ്പാണ് വലുത് എന്ന പ്രതീതി ഉണ്ടാക്കി. ദീപ്തി കേവലം കൗൺസിലർ മാത്രമല്ലെന്നും നിരന്തരമായ പോരാട്ടങ്ങളിലൂടെ വന്ന ആളാണെന്നും അജയ് തറയില്‍ പറഞ്ഞു. അങ്ങനെയുള്ള ഒരാളെ ഒഴിവാക്കിയതിന് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു
കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലി ഉണ്ടായ അഭിപ്രായ ഭിന്നതയില്‍ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ കൊച്ചിയിൽ അട്ടിമറിക്കപ്പെട്ടുവെന്ന് ദീപ്തി ആരോപിച്ചു. മേയർ പദവി മോഹിച്ചല്ല മത്സരത്തിനിറങ്ങിയതെന്നും പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കിയ അവർ, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി. തർക്കമുള്ള സാഹചര്യത്തിൽ കെപിസിസി നിരീക്ഷകൻ എത്തി പ്രശ്നം പരിഹരിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. കൗൺസിലർമാരുടെ അഭിപ്രായം രഹസ്യ ബാലറ്റിലൂടെ തേടണമെന്ന ആവശ്യം അവസാന നിമിഷം ഒഴിവാക്കിയത് എന്തിനെന്ന് ദീപ്തി ചോദിച്ചു. തീരുമാനമെടുക്കുന്നതിന് മുൻപ് ഔദ്യോഗികമായ ആശയവിനിമയം നടത്തിയില്ലെന്നും കോർ കമ്മിറ്റി വിളിച്ചില്ലെന്നും അവർ പറഞ്ഞു. കോർ കമ്മറ്റി കൂടുമെന്ന് പറഞ്ഞ് പറ്റിച്ചു. നാലരക്ക് യോഗം വിളിച്ചു. എന്നാൽ 3,50ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കെപിസിസിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ വേണുഗോപാലുമാണ് കൗൺസിലർമാരെ കേട്ടത്. അവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയെന്നും ദീപ്തി മേരി വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ദീപ്തിയെ ഒഴിവാക്കിയതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷും പരസ്യപ്രതികരണവുമായി രംഗത്തെത്തി. ദീപ്തി മേരി വർഗീസിനെ മേയർ സ്ഥാനത്തുനിന്ന് വെട്ടിയ നടപടിയിൽ പ്രതിപക്ഷ നേതാവിനെതിരെയാണ് എം ആർ അഭിലാഷ് വിമർശനം ഉന്നയിച്ചത്. കെപിസിസി മാനദണ്ഡങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡണ്ടും പറയണമെന്ന് അദ്ദേഹം പറഞ്ഞു. ചില ആളുകളുടെ താല്പര്യങ്ങളാണ് മേയർ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും. കെപിസിസി ജനറൽ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിൻ്റെ വില പോലും നൽകിയില്ലെന്നും ആയിരുന്നു അഭിലാഷിന്റെ പ്രതികരണം.

