മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെയും കാണാനില്ല

എഴുപുന്ന: ആലപ്പുഴ എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. ആഭരണത്തോടൊപ്പം ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയെയും കാണാനില്ല.

വിശേഷ ദിവസമായതിനാൽ ഇന്നലെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു. ഇതിൽ നിന്നാണ് 20 പവൻ കാണാതായത്. കീഴ്ശാന്തി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ ആയിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വിശദമാക്കുന്നത്. വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങൾ തിരികെ വയ്ക്കുന്ന ചുമതല കാണാതായ കീഴ്ശാന്തിക്ക് ആയിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് തിരുവാഭരണം കാണാനില്ലെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ക്ഷേത്ര ഭാരവാഹികൾ ഇയാളെ അന്വേഷിക്കാൻ ആരംഭിച്ചത്.

രണ്ടാം തിയതി മുതൽ മേൽശാന്തി അവധിയിൽ ആയിരുന്നതിനാൽ കീഴ്ശാന്തിയായിരുന്നു വിഷു ദിനത്തിലെ പ്രധാന ചുമതലകൾ ചെയ്തിരുന്നത്. തിരുവാഭരണത്തിലെ സുപ്രധാന ആഭരണങ്ങളാണ് കാണാതായിട്ടുള്ളത്. സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: