തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഈ മാസം മണ്ണെണ്ണ ലഭിക്കും. കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്നാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുക. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്റർ മണ്ണെണ്ണയാണ് ഈ മാസം ലഭിക്കുക. പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവും ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് ആറു ലീറ്റർ മണ്ണെണ്ണ ലഭിക്കും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോ ലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088 കിലോ ലീറ്റർ (50.88 ലക്ഷം ലീറ്റർ) റേഷൻ കടകൾ വഴിയും ബാക്കി ജൂണിൽ മത്സ്യബന്ധന ബോട്ടുകൾക്കുമായാണ് വിതരണം ചെയ്യുന്നത്. മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷത്തെ വിഹിതം ഏറ്റെടുക്കാതെ കേരളം പാഴാക്കുകയും ചെയ്തിരുന്നു.
വൈദ്യുതീകരിക്കാത്ത വീടുകളെന്നു രേഖപ്പെടുത്തിയ അനധികൃത റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സംസ്ഥാന റേഷനിങ് കൺട്രോളർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും (ഡിഎസ്ഒ) നിർദേശം നൽകി. മണ്ണെണ്ണ മൊത്തവ്യാപാരികൾക്ക് അനുവാദം നൽകാനും താലൂക്ക് അടിസ്ഥാനത്തിലുള്ള വിതരണത്തിന്റെ മേൽനോട്ടം വഹിക്കാനും ഡിഎസ്ഒമാരെ ചുമതലപ്പെടുത്തി.
29ന് മുൻപ് എണ്ണക്കമ്പനികളിൽനിന്നു മണ്ണെണ്ണ ഏറ്റെടുത്ത് 31ന് മുൻപ് കടകളിൽ എത്തിക്കാനാണു നിർദേശം. വിഹിതം പാഴായാൽ അത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ വീഴ്ചയായി കണക്കാക്കും. അതേസമയം, പൂട്ടിക്കിടക്കുന്ന മണ്ണെണ്ണ ഡിപ്പോകൾ തുറക്കാൻ മൊത്തവ്യാപാരികൾക്കു വിവിധ ലൈസൻസുകൾ പുതുക്കി നൽകേണ്ടതുണ്ട്.
