Headlines

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി , കഴുത്തില്‍ നീര് ; തൊടുപുഴയില്‍ ആശുപത്രിയിലെത്തിച്ച 20 കാരിക്ക് ദാരുണാന്ത്യം

തൊടുപുഴ : ഭക്ഷണത്തില്‍ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകള്‍ നിഖിത ( 20 ) ആണ് മരിച്ചത്.
സ്വകാര്യ കണ്ണട വില്‍പന കമ്പനിയുടെ തൊടുപുഴ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.



പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. അലർജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു.



നിഖിതയ്ക്ക് കൊഞ്ച് കഴിച്ച്‌ മുമ്പും ഇത്തരത്തില്‍ അലർജി ഉണ്ടായിട്ടുള്ളതായാണ് വിവരം. ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴുത്തിന് നീരുവെച്ച്‌ ശ്വാസതടസമുണ്ടായി രക്തസമ്മർദ്ദം താഴ്ന്നു. ഇതോടെ യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ആശുപത്രിയിലെത്തിയ ശേഷം നിഖിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11.15 ഓടെ മരണം സംഭവിക്കുകയായിരുന്നു. നിഖിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.



ആശുപത്രിയില്‍ നിന്ന് കേസ് ഷീറ്റ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സഹോദരൻ : ജിഷ്‍ണു ( കോയമ്പത്തൂർ ധനലക്ഷ്‍മി കോളേജ് വിദ്യാർഥി )

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: