ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്ന്, അമിത്ഷാ നിർവഹിക്കും





തിരുവനന്തപുരം : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് നിർവഹിക്കും. രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ഓഫീസിന് മുന്നിൽ ചെമ്പകത്തൈ നടും. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും.



ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി മാരാരുടെ അർദ്ധകായ വെങ്കല പ്രതിമ അമിത്ഷാ അനാച്ഛാദനം ചെയ്യും. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഓഫീസ് ഉദ്ഘാടനത്തിനു ശേഷം 11.30ന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമവും കേന്ദ്ര ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5,000 വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃ സംഗമത്തിനെത്തുന്നത്. മറ്റു 10 ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള നേതാക്കളും വെർച്വലായി പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേർ വെർച്വലായി സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.



പുത്തരിക്കണ്ടം മൈതാനിയിലെ വാര്‍ഡ് തല നേതൃസംഗമത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോരാട്ടം ബിജെപി ആരംഭിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയാകും. നാലുമണിയോടെ കണ്ണൂരിലേക്ക് തിരിക്കുന്ന അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഡൽഹിക്ക് മടങ്ങിപ്പോകും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: