വളർത്തു പൂച്ച മാന്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു

പന്തളം: വളർത്തു പൂച്ച മാന്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു; പന്തളം,കടക്കാട്, മണ്ണിൽ തെക്കേതിൽ അഷ്റഫ് റാവുത്തർ സജിന എന്നിവരുടെ മകൾ 11 കാരിയായ ഹന്ന ഫാത്തിമയാണ് മരിച്ചത്. രണ്ടാമത്തെ പ്രതിരോധ കുത്തിവെപ്പ് എടുത്തതിനു ശേഷം ആരോഗ്യ നില വഷളാകുകയായിരുന്നു. തോന്നല്ലൂർ ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഹന്ന.

ജൂലൈ രണ്ടിനാണ് വീട്ടിലെ വളർത്തു പൂച്ച ഹന്നയുടെ ദേഹത്ത് മാന്തിയത്. മുറിവേറ്റ ഹന്നയെ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. വാക്സിൻ എടുക്കുന്നതിനായി അവിടെനിന്ന് അടൂർ താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അടൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തു. രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിനായി കഴിഞ്ഞ തിങ്കളാഴ്ച പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി. കുത്തിവെപ്പെടുത്ത ശേഷം വീട്ടിലെത്തിയ ഹന്ന ഫാത്തിമ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ വീണ്ടും കുടുംബ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥത വർധിച്ചതോടെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാവിലെ കുട്ടി മരിക്കുകയായിരുന്നു.

അതേസമയം, മരണകാരണം പൂച്ചയുടെ കടിയേറ്റല്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണ കാരണം കണ്ടെത്തുന്നതിന് സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ഡെങ്കിയോ നിപയോ ബാധിച്ചിരുന്നോ എന്നും സംശയിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. കുട്ടിയുടെ സംസ്കാരം വെള്ളിയാഴ്ച കടക്കാട് മുസ്‍ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: