കൊല്ലം: ഇന്നലെ വൈകിട്ട് 50 ഗ്രാം എംഡിഎംഎ യുമായി കൊല്ലത്ത് നിന്നും പിടിയിലായ യുവതിയിൽ നിന്ന് വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു. മെഡിക്കൽ പരിശോധനക്കിടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40.45 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. ഇതോടെ അനില രവീന്ദ്രനിൽ നിന്ന് ആകെ 90.45 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
യുവതി നേരത്തെയും എം.ഡി.എം.എ കേസിൽ പ്രതിയാണ്. കർണാടകത്തിൽ നിന്നു വാങ്ങിയ എം.ഡി.എം.എ കൊല്ലം നഗരത്തിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി സ്വന്തം കാറിൽ ഒരു യുവതി കൊണ്ടുവരുന്നതായി കമ്മിഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതൽ സിറ്റി പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകൾ. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാർ കണ്ടെങ്കിലും പോലീസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല. തുടർന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞിടുകയായിരുന്നു. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.
