ന്യൂഡൽഹി: പത്തനംതിട്ടയിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്ക് ഇനി പുതിയ ചുമതല. മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതലയുള്ള പ്രഭാരിയായി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ നിയമിച്ചു. മുൻ കേന്ദ്രമന്ത്രി വി മുരളീധരനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സഹപ്രഭാരിയായും നിയമിച്ചു.
കേരളത്തിൽ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതിന് പിന്നാലെയാണ് തീരുമാനം. കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പ്രകാശ് ജാവഡേക്കറിന് പ്രഭാരി ചുമതല നീട്ടി നൽകിയെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരിയായി പാർലമെന്റ് അംഗം അപരാജിത സാരംഗി തുടരും.


