ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം;ചില്ലുകഷണങ്ങൾ നീക്കം ചെയ്യാതെ മുറിവ് വെച്ചുകെട്ടി വിട്ടെന്നാണ് പരാതി

ആലപ്പുഴ: ആരോഗ്യ വകുപ്പിന്റെയും സർക്കാർ ആശുപത്രികളുടെയും അനാസ്ഥ വെളിവാക്കുന്ന ഒരു സംഭവം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവുമായി ബന്ധപ്പെട്ട പുതിയ പരാതി വന്നിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ഗൃഹനാഥന്റെ കയ്യിലെ മുറിവിൽ നിന്നും ചില്ലുകഷണങ്ങൾ നീക്കം ചെയ്യാതെ മുറിവ് വെച്ചുകെട്ടി വിട്ടെന്നാണ് പരാതി. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയാണ് ചികിത്സാപിഴവ് കാരണം ദുരിതമനുഭവിച്ചത്.

ചേർത്തല താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷവും വേദന കുറയാതെ വന്നതിനെത്തുടർന്നും മുറിവ് കരിയാതെ വന്നതോടെയും രാധാകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടന്ന പരിശോധനയിലാണ് മുറിവിനുള്ളിൽ ചില്ലുകഷണങ്ങൾ ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ അഞ്ചു ചില്ലു കഷ്ണങ്ങൾ പുറത്തെടുത്തു. മുറിവ് തുന്നിക്കെട്ടി 63 ദിവസത്തിന് ശേഷമാണ് ചില്ലുകഷണങ്ങൾ പുറത്തെടുത്തത്.

ഒരു അപകടത്തെത്തുടർന്നാണ് രാധാകൃഷ്ണപിള്ളയുടെ കയ്യിൽ ചില്ലുകൾ തുളച്ചുകയറിയത്. ഡിസംബർ 16ന് ഇദ്ദേഹം സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് അപകടം ഉണ്ടാക്കുകയായിരുന്നു. ഓട്ടോയുടെ പൊട്ടിയ ചില്ല് കൈയിൽ തറക്കുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഡ്യൂട്ടി ഡോക്ടർ മുറിവ് വിശദമായി പരിശോധിക്കുക പോലും ചെയ്യാതെ മുറിവ് വച്ചു കെട്ടി. വേദന സഹിക്കാതെ വന്നപ്പോഴാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഡോക്ടർക്കെതിരെ മെഡിക്കൽ സൂപ്രണ്ടിന് രാധാകൃഷ്ണപിള്ള പരാതി നൽകിയിട്ടുണ്ട്. ഇനി ആർക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്നും അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ടു വന്നതെന്നും രാധാകൃഷ്ണപിള്ള പറയുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: