ഡൽഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയുടെ പേരും പുറത്ത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ബിജെപി ദില്ലി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. നിയുക്ത മന്ത്രിമാർക്കായി പ്രധാനമന്ത്രിയൊരുക്കിയ ചായസൽക്കാരത്തിൽ പങ്കെടുത്തു.
കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിർണ്ണായക പ്രവർത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോർജ് കുര്യന്‍. പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച മുതൽ ബിജെപിയിൽ പ്രവർത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്.

