പട്‌ന: ബിഹാറിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിഹാറിലെ പട്‌നയിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. സുരേന്ദ്ര കെവാടി(52)നെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാൻ മോർച്ചയുടെ മുൻ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്. ഒരാഴ്‌ച മുമ്പ് ബിജെപി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ മറ്റൊരു പ്രധാന ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്. ശനിയാഴ്‌ച രാത്രി ബിഹ്‌ത-സർമേര സംസ്ഥാന പാത-78 ന് സമീപം വയലിൽ വെള്ളം നനയ്ക്കുന്നതിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ബൈക്കിലെത്തിയ കൊലയാളി സംഘം അക്രമം നടത്തുകയായിരുന്നു. വെടിയൊച്ച കേട്ട് അയൽക്കാർ ഓടിയെത്തി കെവാടിനെ എയിംസ് ആശുപത്രിയിലെത്തിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ അദ്ദേഹം പിന്നീട് മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് പട്‌നയിലെ രാമകൃഷ്ണ നഗറിൽ വ്യവസായിയായ വിക്രം ജായും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പായി ജൂലൈ പത്തിന് 50 വയസുകാരനായ ഖനി വ്യവസായിയെയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ജൂലൈ നാലിന് ഗോപാൽ ഖേംകയുടെ കൊലപാതകത്തിന് പിന്നാലെയാണ് അടുത്തടുത്ത ദിവസങ്ങളിലായി വിക്രം ജായുടെയും സുരേന്ദ്രയുടെയുമടക്കം മൂന്ന് കൊലപാതകങ്ങൾ നടക്കുന്നത്. നാല് പേരാണ് സമാനമായ രീതിയിൽ ബിഹാറിൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അക്രമികളെ ഇതുവരെ
പിടികൂടാനായിട്ടില്ല.
