പഴയങ്ങാടി: ലഹരി വിരുദ്ധ പ്രവർത്തകൻ 14ഗ്രാം കഞ്ചാവുമായി പിടിയിൽ. മാടായി വാടിക്കൽ ബോട്ട് ജെട്ടിക്ക് സമീപത്തെ പള്ളിക്കിൽ മുക്രീരകത്ത് ഫാസിൽ (40) നെ പഴയങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. സബ് ഇൻസ്പക്ടർ എൻ.കെ. സത്യനാഥന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നടന്നു പോവുകയായിരുന്ന യുവാവ് പൊലിസിനെ കണ്ട് പരുങ്ങുന്നത് കണ്ട് സംശയമുണർന്നതോടെയാണ് ഇയാളെ പിടികൂടി പരിശോധിച്ചത്. പ്രതി സജീവമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലഹരിക്കെതിരായി പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ സജീവാംഗമാണ് ഫാസിൽ.
അടി വസ്ത്രത്തിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച കഞ്ചാവാണ് പിടി കൂടിയത്. കഞ്ചാവ് വിൽപ്പന നടത്താറുണ്ടായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പരിശോധനയിൽ സബ് ഇൻസ്പെക്ടർ കെ. സുഹൈൽ, ഗ്രേഡ് എസ്.ഐ സുനിഷ് കുമാർ, സി.പി.ഒമാരായ സുമേഷ് കുമാർ, സുമേഷ് സെബാസ്റ്റ്യൻ, പ്രിയങ്ക എന്നിവരുമുണ്ടായിരുന്നു
