തിരുവനന്തപുരം: ബിവ്റേജസ് ഔട്ട്‌ലെറ്റിന് മുമ്പില്‍ വെച്ച് പത്തുരൂപ കടം ചോദിച്ചതിന് വയോധികന് മര്‍ദനം. പാറശ്ശാല ജങ്ഷനിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുമ്പിലാണ് സംഭവം. മര്‍ദനത്തിന്റെ ദൃശ്യം പുറത്തുവന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെയാണ് സംഭവം. മദ്യംവാങ്ങി ഇറങ്ങിയ ആളോട് വയോധികന്‍ പത്തുരൂപ കടം ചോദിച്ചു. പിന്നാലെ, ‘പോലീസുകാരനോടാണോടാ നീ കടം ചോദിക്കുന്നത്’, എന്ന് ആക്രോശിച്ചായിരുന്നു മര്‍ദിച്ചത്. അസഭ്യം പറയുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്. അസഭ്യവര്‍ഷം നടത്തിയ ശേഷം കാറില്‍ മദ്യം കൊണ്ടുവെച്ചു. തിരിച്ചുവന്നാണ് അക്രമി വയോധികനെ മര്‍ദിച്ചത്. പിന്നീടും അസഭ്യവര്‍ഷം തുടര്‍ന്നു.
സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പാറശ്ശാല പോലീസ് അറിയിച്ചു. ഇരുവരേയും തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. ആക്രമിക്കപ്പെട്ടയാള്‍ സ്ഥിരമായി മദ്യം വാങ്ങാന്‍ വരുന്ന ആളാണെന്ന് ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. ഇയാള്‍ പലപ്പോഴും പണം കടംവാങ്ങാറുണ്ടെന്നും ഇവര്‍ പറയുന്നു.
മര്‍ദിക്കുന്നത് പോലീസാണെന്ന് അവകാശപ്പെട്ടായതിനാല്‍ ആരും തടയാന്‍ ശ്രമിച്ചില്ലെന്ന് പരിസരത്തുണ്ടായവര്‍ പറയുന്നു. സി.സി.ടി.വിയില്‍ പെടാത്ത ഭാഗത്തേക്ക് മാറ്റി നിര്‍ത്തിയും മര്‍ദിച്ചെന്നും ആളുകള്‍ ആരോപിച്ചു.
അതേസമയം, മര്‍ദിച്ച ആള്‍ വിരമിച്ച സൈനികോദ്യോഗസ്ഥനാണെന്ന് വിവരമുണ്ട്. നിലവില്‍ ഇയാള്‍ പോലീസുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരുന്നതായും ആളുകള്‍ പറയുന്നു. അതിനാല്‍ ഇയാളെ സംരക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
