‘നിങ്ങളിവിടെ അധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ’; എസ്എഫ്ഐ നേതാവിന്റെ ചോദ്യം; ഭാഗ്യലക്ഷ്മി ഉൾപ്പെടെ പത്തുപേർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: എൻസിസി ക്യാമ്പിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കാക്കര കെഎംഎം കോളേജിൽ ഭക്ഷ്യവിഷ ബാധയുണ്ടായതിന് പിന്നാലെയാണ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും രാഷ്ട്രീയ പാർട്ടി നേതാക്കളുമെത്തി പ്രശ്നമുണ്ടാക്കിയത്. ഇവർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.


എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മി, എസ്.എഫ്.ഐ പ്രവർത്തകനായ ആദർശ് എന്നിവർ ഉൾപ്പടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബി.ജെ.പി കളമശ്ശേരി നഗരസഭാ കൗൺസിലർ പ്രമോദും കേസിൽ പ്രതിയാണ്. ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷ ബാധയെ തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കളടക്കം കോളേജിലേക്കെത്തുകയും വാക്കു തർക്കവും സംഘർഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർ കോളേജിലേത്തുന്നത്. ക്യാമ്പിലെ അധ്യാപകരിൽനിന്ന് മർദ്ദനം നേരിട്ടെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് എസ്എഫ്ഐ നേതാക്കൾ ക്യാമ്പസിലെത്തിയത്.

എന്നാൽ, കോളേജിൽ അതിക്രമിച്ച് കയറിയ ഭാഗ്യലക്ഷ്മി ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. ഇതോടെ വിദ്യാർത്ഥികളും എസ്എഫ്‌ഐ നേതാക്കളും തമ്മിൽ വാക്കുതർക്കവുമുണ്ടായി. അനുവാദമില്ലാതെ ക്യാമ്പിലേക്ക് കയറിയ ഭാഗ്യലക്ഷ്മി ‘നിങ്ങളിവിടെ അധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ’ എന്നും ‘ആരെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ’ എന്നും ചോദിച്ചുവെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. തങ്ങളുടെ അദ്ധ്യാപകരെ കുറിച്ച് മോശമായി സംസാരിക്കാൻ നിങ്ങൾ ആരാണെന്നും വിദ്യാർത്ഥിനികൾ ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. എന്നാൽ ഇത്തരത്തിലുള്ള ഒരു പരാമർശവും നടത്തിയിട്ടില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം

തിങ്കളാഴ്ച്ച രാത്രിയാണ് എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായത്. ഉച്ചഭക്ഷണത്തിനുശേഷം വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. വൈകുന്നേരത്തോടെ പലരും ഛർദ്ദിക്കുകയും തളർന്നുവീഴുകയും ചെയ്തു. തുടർന്ന് 72 വിദ്യാർത്ഥികളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭക്ഷ്യവിഷബാധയെ തുടർന്ന് എൻസിസി ക്യാംപ് പിരിച്ച് വിട്ടു. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്.തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: