മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ കണ്ടെത്തിയ വോട്ടർ ഐഡി കാർഡുകളുടെ ശേഖരം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഛത്തർപൂരിലെ ബിജവർ പട്ടണത്തിലെ രാജ ക താലാബ് എന്ന കുളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഒരു ബാഗിനുള്ളിൽ നിറയെ വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയത്.
ഏകദേശം 400 മുതൽ 500 വരെ വോട്ടർ ഐഡികളാണ് കണ്ടെത്തിയത്. വാർഡ് നമ്പർ 15-ലെ ആളുകളുടേതാണ് കാർഡുകൾ എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇവയെല്ലാം യഥാർത്ഥ വോട്ടർ ഐഡി കാർഡുകൾ ആണെന്നും ഇതുവരെ വിതരണം ചെയ്യാത്തവയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഇത്രയധികം വോട്ടർ ഐഡി കാർഡുകൾ ഒരു പൊതു കുളത്തിൽ എങ്ങനെ എത്തി എന്നതിനെച്ചൊല്ലി വലിയ ദുരൂഹത ഉയർന്നിട്ടുണ്ട്. ഇത് സംസ്ഥാനത്ത് നടന്ന വൻകിട തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ സൂചിപ്പിക്കുന്നു എന്ന് പ്രതിപക്ഷം ശക്തമായി ആരോപിക്കുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഭരണകക്ഷികൾക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്.
കോൺഗ്രസ് സംസ്ഥാന നേതാവ് ദീപ്തി പാണ്ഡെ ഇത് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോർ ഗദ്ദി ഛോഡ്’ (വോട്ട് മോഷ്ടിക്കുന്നവർ അധികാരം വിടുക) എന്ന പ്രചാരണത്തിന് സാധുത നൽകുന്നതായി അഭിപ്രായപ്പെട്ടു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗഗൻ യാദവ് മുന്നറിയിപ്പ് നൽകി.
വ്യാജ വോട്ടുകൾ ചെയ്തതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണ് ഐഡി കാർഡുകൾ കുളത്തിൽ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നതായി സമാജ്‌വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് യാദവ് ആരോപിച്ചു.
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത്, വിഷയത്തിൽ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.


