തൃശ്ശൂർ: ഉത്സവവെടിക്കെട്ടിലെ നിയന്ത്രണങ്ങൾ തുടരുന്നതോടെ ബിജെപിയുടെ വാദങ്ങൾ പൊളിയുന്നു. ചില ക്ഷേത്ര സംഘാടകർ വെടിക്കെട്ടിനുള്ള അനുമതിക്കായി കോടതികളെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമായിട്ടില്ല. പല വെടിക്കെട്ടുകൾക്കും അനുമതി ലഭിച്ചില്ല. ചില ക്ഷേത്രങ്ങളുടെ വെടിക്കെട്ട് അപേക്ഷയ്ക്ക് ജില്ലാഭരണകൂടം മറുപടി നൽകിയിട്ടുമില്ല. അവസാന നിമിഷം അനുമതി നിഷേധിച്ച് അറിയിപ്പ് ലഭിക്കാനാണ് സാധ്യതയെന്നും പറയുന്നു.
ഇതോടെ എക്‌സ്‌പ്ലോസീവ് നിയമത്തിലെ ചട്ടഭേദഗതി പൂരം വെടിക്കെട്ടുകളെ ബാധിക്കില്ലെന്ന ബിജെപി നേതാക്കളുടെ വാദമാണ് പൊളിയുന്നത്. ജനുവരി മൂന്നിന് നടക്കുന്ന പാറമേക്കാവ് വേലയുടെ ഭാഗമായ വെടിക്കെട്ടിന് അനുമതി നൽകാനാകില്ലെന്ന് ജില്ലാഭരണകൂടം വാക്കാൽ അറിയിച്ചതായി ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ജനുവരി അഞ്ചിന് നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനും അനുമതി നൽകിയിട്ടില്ല.
ഡിസംബർ 25-ന് പാലക്കാട് കൊന്നഞ്ചേരി പള്ളിയറക്കാവിൽ നടക്കേണ്ട വെടിക്കെട്ടിനുള്ള അനുമതി ജില്ലാഭരണകൂടം നിഷേധിച്ചു. മഞ്ഞപ്ര ക്ഷേത്രത്തിലെ ആറാട്ടിന്റെ ഭാഗമായി 26-ന് നടക്കേണ്ട വെടിക്കെട്ടിനും അനുമതി നിഷേധിച്ചു. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും തീരുമാനമായില്ല. ജില്ലാഭരണകൂടം അപേക്ഷ തള്ളിയതിനെ തുടർന്ന് ജനുവരി നാലുമുതൽ ഏഴുവരെ നടക്കുന്ന ചിറ്റാട്ടുകര തിരുനാളിന്റെ ഭാഗമായ വെടിക്കെട്ടിനുവേണ്ടി സംഘാടകർ കോടതിയെ സമീപിച്ചിട്ടുണ്ട്.
പലരും നേരത്തെ അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. മൂക്കുതല കണ്ണേംകാവ്, എടപ്പാൾ കൊളങ്ങര ക്ഷേത്രം തുടങ്ങിയവയും ഇക്കൂട്ടത്തിൽ പെടുന്നു. എന്നാൽ സുരേഷ്‌ഗോപി ഈ പ്രശ്നത്തിൽ കാര്യമായി ഇടപെടുന്നില്ലെന്ന പരാതിയും പൂരം സംഘാടകർ ഉയർത്തുന്നുണ്ട്. വെടിക്കെട്ടിന്റെ ദൂരപരിധി കുറയ്‌ക്കാനും റൗണ്ടിൽനിന്ന് വെടിക്കെട്ട് കാണാനുമുള്ള സൗകര്യമൊരുക്കാനും കേന്ദ്രമന്ത്രി മുന്നിട്ടിറങ്ങിയിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടപ്പോൾ ദൂരപരിധി കുത്തനെ കൂട്ടിക്കൊണ്ട് ചട്ടഭേദഗതി വന്നത്. ഒക്ടോബർ 11-ന് വന്ന ഉത്തരവിൽ മാറ്റം വരുത്താൻ ഇതുവരെ സാധിച്ചിട്ടില്ല

