കാസർകോട്:മഞ്ചേശ്വരത്ത് കാർ നൽകാത്തതിന് വീട്ടിൽ കയറി ഗൃഹനാഥനുനേരേ നാലംഗ സംഘം വാൾ വീശുകയും കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയുംചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയടക്കം രണ്ടുപേരെ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ്കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കുവേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കി.
മൊറത്തണയിലെ മുഹമ്മദ് അസ്കർ (26), മുഹമ്മദ് ഹുസൈൻ (29) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ ബേരിക്കയിലെ മുഹമ്മദ് സാദിഖിന്റെ വീട്ടിൽ രണ്ട് സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘം കാർ ആവശ്യപ്പെട്ടെങ്കിലും തരാൻപറ്റില്ലെന്ന് പറഞ്ഞു. തുടർന്ന് സംഘത്തിലെ ഒരാൾ സ്കൂട്ടറിൽ സൂക്ഷിച്ച വാൾ എടുത്ത് വീശുകയും മറ്റു മൂന്നുപേർ ചേർന്ന് സാദിഖിനെ മർദിക്കുകയുമായിരുന്നു.
സംഘത്തിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന പെട്രോൾ കാറിന് മുകളിലേക്കൊഴിച്ച് തീ വെക്കാൻ ശ്രമം നടത്തി. അസ്കർ കേരളത്തിലും കർണാടകയിലും വിവിധ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ലഹരിമരുന്ന് കടത്ത് തുടങ്ങിയ 11 കേസുകളിൽ പ്രതിയാണ്. ഒരുപ്രാവശ്യം കാപ്പ നിയമപ്രകാരം ജയിലിലടച്ചിരുന്നു. കാലാവധി കഴിഞ്ഞ് ഏതാനും മാസം മുൻപാണ് പുറത്തിറങ്ങിയത്.ഇതിനിടെ ചില കേസുകളിൽ വീണ്ടും പ്രതിയായതോടെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാസർകോട് ജില്ലയിൽ പ്രവേശിക്കുന്നതിന് കർശന വിലക്കും ഏർപ്പെടുത്തിയായിരുന്നു. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അസ്ക്കറിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മുഹമ്മദ് ഹുസൈനിനെതിരെ നേരത്തെ മൂന്ന് കേസുകളുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


