കൽപ്പറ്റ: കെഎസ്ആർടിസി ബസിന് മുന്നിൽ കാർ നിർത്തി തടഞ്ഞ് ഡ്രൈവറേ കയ്യേറ്റം ചെയ്യാൻ ശ്രമം. തടയാൻ ചെന്ന യാത്രികനെ കാറിലെത്തിയ സംഘം മർദിച്ചു. താമരശ്ശേരി ബസ് ബേക്ക് സമീപം തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോയ ബസ്സിന് നേരെയാണ് അക്രമം ഉണ്ടായത്.
സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് അഷ്റഫിനാണ് മർദനമേറ്റത്. കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമം നടത്തിയതെന്ന് ഡ്രൈവർ പറഞ്ഞു. താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോക്ക് സമീപം വെച്ച് സംഘത്തിലെ ഒരാൾ ബസ്സിൽ കയറാൻ ശ്രമിച്ചിരുന്നു. എന്നാൽ സീറ്റില്ല എന്നു പറഞ്ഞു മടക്കി.
ഇതിൽ പ്രകോപിതനായാണ് താമരശ്ശേരി ബസ് ബേക്ക് സമീപം ബസിനു മുന്നിൽ കാറിട്ട് തടഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്നാണ് ഡ്രൈവർ പറയുന്നത്. ഡ്രൈവറുമായി തർക്കമുണ്ടായതോടെയാണ് കാറിൽ എത്തിയവരോട് പ്രശ്നമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടത് എന്ന് മർദനമേറ്റ മുഹമ്മദ് അഷ്റഫ് പറഞ്ഞു.
തുടർന്ന് പ്രകോപിതരായ സംഘം തന്നെ പിടിച്ചു തള്ളിയതായും അടിച്ചെന്നും അദ്ദേഹം ആരോപിച്ചു. ബസ് ജീവനക്കാരുടെ പരാതിയെ തുടർന്ന് താമരശ്ശേരി എസ്ഐ ഷാജിയുടെ നേതൃത്യത്തിൽ പോലീസ് സ്ഥലത്തെത്തി. പ്രതികൾ എത്തിയ ഡാർക് ബ്ലൂ സ്വിഫ്റ്റ് കാർ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ താമരശ്ശേരി കാരാടി സ്വദേശികളാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല

