ഇരിക്കൂർ: കനറാ ബാങ്ക് ഇരിക്കൂർ ശാഖയോട് ചേർന്നുള്ള എ ടി എം കുത്തി പൊളിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ.
കല്യാട് ചെങ്കൽപ്പണയിൽതൊഴിലാളിയായ സൈദുൽ ഇസ്‌ലാം (22) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12.30നായിരുന്നു സംഭവം.
മുഖം മറച്ചെത്തിയ സൈദുൽ ഇസ്‌ലാം എ ടി എമ്മിൽ പണം നിക്ഷേപിക്കുന്ന വാതിൽ കൈ കൊണ്ട് പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. തത്സമയം തന്നെ ബാങ്കിന്റെ ഡൽഹി ഓഫീസിലെ സെർവറിൽ അപായ സൂചന ലഭിച്ചതോടെ അധികൃതർ ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
പോലീസ് അതിവേഗം എ ടി എമ്മിന് സമീപത്ത് എത്തിയെങ്കിലും വാഹനം കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. നൂറോളം സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൈദുൽ പിടിയിലായത്.
മോഷണശ്രമം നടത്തിയതിന് ഒരുദിവസം മുൻപ് ഇയാൾ അതേ നിറത്തുള്ള പാൻറും ഷർട്ടും ധരിച്ച് എ ടി എമ്മിന് സമീപത്ത് നിൽക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. അന്നേ ദിവസത്തെ ടൗണിലെ മറ്റ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതിയുടെ മുഖവും വ്യക്തമായി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെങ്കൽ പണയിലെ തൊഴിലാളി ആണെന്ന് വിവരം ലഭിച്ചു. എസ് എച്ച് ഒ രാജേഷ് അയോടൻ, എസ് ഐ ഷിബു എഫ് പോൾ, എ എസ് ഐ കെ വി പ്രഭാകരൻ, സി പി ഒമാരായ ടി വി രഞ്ജിത്ത് കുമാർ, കെ ജെ ജയദേവൻ, ഷിജോയ് എന്നിവരുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തിയത്.
