ആലപ്പുഴ: കലവൂർ മാരാരിക്കുളം ഭാഗത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വാലയിൽ വീട്ടിൽ അരുൺ സാംസൺ (37) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഇയാൾ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ യുവതി നേരത്തെ ഗാർഹിക പീഡനത്തിന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള വിരോധം മൂലം 26ന് വൈകിട്ട് വീട്ടിലെത്തിയ സാംസൺ കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ മാരാരിക്കുളം, മണ്ണഞ്ചേരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ കേസുകൾ നിലവിലുണ്ട്. യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
