കാസർഗോഡ്: നീലേശ്വരം സബ് ഓഫിസിന് സമീപത്ത് വൈദ്യുതിക്കമ്പി മോഷ്ടിക്കുന്നതിനിടയിൽ ഓട്ടോ ഡ്രൈവറെ പൊലീസ് കൈയോടെ പിടികൂടി. ചിറപുറം ആലിൻകീഴിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് മോഷണം നടന്നത്. പ്രതി മോഷണത്തിന് ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. കയ്യൂർ ചെറിയാക്കരയിലെ ലെനീഷ് ഭാസ്കരനെന്ന ഓട്ടോ ഡ്രൈവറെയാണ് (47) എസ്.ഐ കെ. മുരളീധരനും സംഘവും പിടികൂടിയത്.
മോഷണ സംഘത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ പൊലീസിനെ കണ്ടതോടെ ഓട്ടോ ഡ്രൈവറെ ഒറ്റക്കാക്കി കടന്നുകളഞ്ഞു. വെള്ളിയാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. ചിറപുറം നഗരസഭ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് നായുടെ കുരകേട്ട് പട്രോളിങ് ഡ്യൂട്ടി നടത്തുകയായിരുന്ന പൊലീസ് സംഭവ സ്ഥലത്തെത്തുകയായിരുന്നു. അസമയത്ത് ഓട്ടോഡ്രൈവറെ കണ്ട പൊലീസിന്റെ സംശയമാണ് വലിയൊരു മോഷണത്തെ ഇല്ലാതാക്കിയത്. അപ്പോഴേക്കും മോഷ്ടാവ് ഓട്ടോയിൽ മോഷ്ടിച്ച വൈദ്യുതിക്കമ്പി കയറ്റിവെച്ച് സ്ഥലം വിടാൻ തയ്യാറായിരുന്നു. ഇയാളുടെ കൂടെ ഉണ്ടായിരുന്ന കടന്നുകളഞ്ഞ സ്ത്രീകൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
