ബാറിലെ തർക്കം, നെടുമങ്ങാട് മാർക്കറ്റിലിട്ട് യുവാവിനെ കുത്തിക്കൊന്നു: 3 പ്രതികളെ വയനാട്ടിലെത്തി പിടികൂടി



           

നെടുമങ്ങാട് : മദ്യപിച്ച ശേഷമുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ മൂന്ന് പ്രതികളെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടി പൊലീസ്.  കേസിലെ രണ്ടാം പ്രതി നെടുമങ്ങാട് പുളിഞ്ചി സ്വദേശി ജാഫർ(38), നാലാം പ്രതി വാളിക്കോട് സ്വദേശി മുഹമ്മദ്‌ ഫാറൂഖ്(44), അഞ്ചാം പ്രതി കാട്ടാക്കട സ്വദേശി മഹേഷ്‌ (48) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് വയനാട് വൈത്തിരിയിൽ നിന്നും പിടികൂടിയത്. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിറിനെ (26) നെടുമങ്ങാട് മാർക്കറ്റിനുള്ളിൽവെച്ചു കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഒരു സംഘം കുത്തിക്കൊന്നത്.

കേസിലെ ഒന്നാം പ്രതി അഴിക്കോട് സ്വദേശി നിസാർ, മൂന്നാം പ്രതി നെടുമങ്ങാട് പേരുമല സ്വദേശി ഷമീർ എന്നിവർ നേരത്തെ പിടിയിലായിരുന്നു. പിടിയിലായ  ജാഫറും മഹേഷും നേരത്തെ വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളും ഹാഷിറും നെടുമങ്ങാട്ടെ ബാറിൽ മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും അവിടെവെച്ചു പരസ്പരം കയ്യേറ്റമുണ്ടാകുകയും ചെയ്തിരുന്നു. തുടർന്നു മാർക്കറ്റിനുള്ളിൽ എത്തിയ ഇവർ ഹാഷിറിനെ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴുത്തിലും, തുടയിലും തലയിലുമായി ആഴത്തിലുള്ള ഒൻപതു മുറിവുകളുണ്ടായിരുന്ന ഹാഷിറിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഒളിവിൽപോയ പ്രതികൾക്കായി പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഇവർ ജോലി ചെയ്യുന്ന വയനാട്ടിലെ ഒരു സുഹൃത്തിന്‍റെ വീട്ടിൽ പ്രതികളുണ്ടെന്ന വിവരം ലഭിക്കുന്നത്. പിന്നാലെ അന്വേഷണ സംഘം വയനാട്ടിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മൂന്ന് പേരും പിടിയിലായതോടെ  കേസിലെ പ്രതികളെല്ലാം പിടികൂടാനായതായി പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: