തിരുവനതപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുന്നത്. നഗരസഭയുടെ ഗേറ്റിന് മുന്നിൽ മേയർക്കെതിരെ ഓവർടേക്കിങ് നിരോധിത മേഖലയെന്ന ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം തുടങ്ങിയത്.
പിന്നാലെ നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന മുഴുവൻ കെഎസ്ആർടിസി ബസു തടഞ്ഞ് മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്റർ ഒട്ടിച്ചു. 24 മണിക്കൂറിനുള്ളിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ വലിയ സമരത്തിലേക്ക് കടക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
അതേസമയം യദുവിനെ പിരിച്ചുവിടേണ്ടതില്ലെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് സിഎംഡിയുടെ ശുപാർശ. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിഎംഡി റിപ്പോർട്ട് നൽകി. മേയർ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആർടിസിയിലെ ജീവനക്കാരനായ യദുവിന്റെ വാദം.
ബസിന് മുന്നിൽ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താൻ ആംഗ്യം കാണിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് മേയറും ഭർത്താവും ബസ് തടഞ്ഞു നിർത്തി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് യദു പറയുന്നത്

